News
മദ്യം എങ്ങനെ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിയ്ക്കാം:സുപ്രീം കോടതി
ഡൽഹി : ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മദ്യശാലകൾ തുറക്കുമ്പോൾ അമിതമായ തിരക്ക് ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിയ്ക്കാം എന്നതിനെക്കുറിച്ചാണ് ഡിജിപി യോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിൽ പറയുന്നതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ബിവറേജസ് ഔട്ലറ്റുകളിൽ ഒരുക്കും. ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ മദ്യശാലകൾക്ക് മുന്നിൽ അനുഭവപ്പെട്ട അമിത ജനക്കൂട്ടമാണ് ഇങ്ങനെ ഒരു റിപ്പോർട്ട് തേടുന്നതിന് കാരണം.
മദ്യശാലകൾ തുറക്കാത്ത നടപടിയിൽ മുഖ്യമന്ത്രിയ്ക്ക് പൂർണ്ണ പിന്തുണയുമായി സി പി എം. സെക്രെട്ടറിയറ്റ് യോഗത്തിലാണ് പിന്തുണ നൽകിയത്. ലോക്ക്ഡൗണിന് ശേഷം അന്നത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷം മാത്രം മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും സിപിഎം തീരുമാനിച്ചു.