Top Stories

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ്  രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന്ചികിത്സയ്ക്ക് വന്ന ആൾക്കാണ് കോവിഡ്.പത്തുപേർ ഇന്ന്  രോഗമുക്തരായി. ഇവർ കണ്ണൂർ സ്വദേശികളാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ആകെ പതിനാറു പേർ മാത്രമേ നിലവിൽ കോവിഡ് ബാധിച്ച്  ചികിത്സയിലുള്ളൂ. 503 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 20,157 പേർ നിരീക്ഷണത്തിലുണ്ട്. 19,810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതുവരെ 35,856 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.  മുൻഗണനാ ഗ്രൂപ്പുകളിലെ 3,380 സാമ്പിളുകൾ പരിശോധിച്ചതിൽ 2,939 എണ്ണവും  നെഗറ്റീവാണ്.

സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കണ്ണൂർ-5, വയനാട്-4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്ത്യയിൽ ആദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറുദിവസമാവുകയാണ്. ജനുവരി 30ന് വിദേശത്തുനിന്ന് കേരളത്തിലേക്ക് വന്ന വിദ്യാർഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആ തുടക്ക ഘട്ടത്തിൽ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ലായെന്ന് ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചു. മാർച്ച് ആദ്യവാരമാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. രണ്ടുമാസങ്ങൾക്ക് ഇപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നെത്തുന്ന പ്രവാസികളെ പരിചരിക്കുന്നതിനു വേണ്ടിയുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ്-19ന്റെ മൂന്നാംവരവ് ഉണ്ടാകാതെ നോക്കാൻ എല്ലാം ചെയ്യുകയാണ്. ഉണ്ടായാൽ തന്നെ അത് നേരിടാനും അതിജീവിക്കാനും എല്ലാ അർഥത്തിലും നമ്മൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button