News
വ്യാജമദ്യവുമായി പോലീസുകാരൻ പിടിയിൽ
കൊച്ചി : വ്യാജമദ്യവുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്റെ പിടിയിൽ. കൊച്ചി എ.ആർ. ക്യാമ്പിലെ പോലീസുകാരൻ ഡിബിനും സുഹൃത്ത് വിഗ്നേഷുമാണ് വ്യാജ മദ്യവുമായി എക്സൈസിന്റെ
പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു പോലീസുകാരൻ ബേസിൽ ജോസിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
എക്സൈസിന് കിട്ടിയ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് തോപ്പുംപടി സ്വദേശിയും എ.ആർ.ക്യാമ്പിലെ പോലീസുകാരനുമായ ഡിബിനേയും സുഹൃത്ത് വിഗ്നേഷിനേയും പതിനാലര ലിറ്റർ വ്യാജമദ്യവുമായി എക്സൈസ് സ്പെഷ്യൽ സ്വകാഡ് പിടികൂടിയത്. വിഗ്നേഷിന്റെ വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പോലീസുകാരനായ ബേസിൽ ജോസിന്റെ പങ്ക് കൂടി എക്സൈസിന് വ്യക്തമായത്.
20,000 രൂപ ഓൺലൈനായി ബേസിൽ ജോസിന് അയച്ചാണ് മദ്യം തരപ്പെടുത്തിയതെന്ന് ഡിബിൻ മൊഴി നൽകിയതായി എക്സൈസ് വ്യക്തമാക്കി. ഇതോടെ ബേസിലിനെ കേസിൽ മൂന്നാം പ്രതിയാക്കി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇയാൾ ഇപ്പോൾ ഒളിവിലാണ്. മുൻപും ഈ മൂവർ സംഘം ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഇവരുടെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.