പാസില്ലാതെ ആരും അതിർത്തി കടക്കാൻ ശ്രമിയ്ക്കരുത്: ഹൈക്കോടതി
കൊച്ചി : വാളയാർ അതിർത്തിയിൽ ഇന്നലയെത്തി കുടങ്ങിയവർക്ക് മാത്രം അടിയന്തരമായി പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. എന്നാൽ ഈ ഉത്തരവ് വാളയാറിൽ ഇന്നലെ കുടുങ്ങിയവർക്ക് മാത്രമാണെന്നും മറ്റുള്ളവർ പാസില്ലാതെ വരാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പാസില്ലാതെയെത്തി അർത്തിയിൽ കുടുങ്ങിയ മലയാളികളുടെ ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു ഹൈക്കോടതി. ഹർജി പരിഗണിച്ചപ്പോൾ ഒരാളേയും പാസില്ലാതെ അതിർത്തി കടത്തി വിടാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും പാസില്ലാതെ കടത്തിവിട്ടാൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാൻ ഇടയാക്കും. പാസില്ലാതെ ആരേയും കടത്തിവിടാനാവില്ലെന്ന് കോടതി നിർദേശിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് വാളയാറിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രം പാസ് നൽകാൻ നിർദേശിച്ചും മറ്റുള്ളവരോട് പാസില്ലാതെ അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടത്. ഗർഭിണികൾ,കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടർന്ന് വരുന്ന മാർഗ നിർദേശങ്ങളിൽ മാറ്റം വരുത്താനോ കുറവ് വരുത്താനോ ഇടപെടുന്നതിന് കോടതിക്ക് പരിധിയുണ്ട്. പാസ് ലഭിച്ചൂവെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.