Editorial
തീവ്രവാദത്തെ പിന്നെന്തു വിളിക്കണം?
“എൻപ്രാണ നായകനെ എന്തുവിളിക്കും
എങ്ങിനെ ഞാൻ നാവെടുത്ത് പേരുവിളിക്കും” എന്ന ഒരു പഴയ സിനിമാഗാനത്തിനെ ഓർമ്മിപ്പിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ തീവ്രവാദ പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകൾ.
മാവോവാദികളും ഇസ്ലാമിക തീവ്രവാദികളും ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹൻ പറഞ്ഞതിന്റെ രത്നചുരുക്കം. കാളപെറ്റന്ന് കേട്ടപ്പോൾ കയറെടുക്കാൻ ഓടുകയാണ് ചെന്നിത്തലയും മുസ്ലിം ലീഗും. മലബാർ മുസ്ലിങ്ങളുടെ രാഷ്ട്രീയ സ്വാധീനം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മതേതര രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിംലീഗ്. എന്നാൽ പേരിൽ പോലും മതവുമായി പിറന്നു വീണ ഈ പാർട്ടി മതേതരമാണന്നാണ് തരാതരം പോലെ ഇടതനും വലതനും പറയുന്നത്.
കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇ.എംഎസ് അധികാരത്തിലേറാൻ കണ്ടെത്തിയ സൂത്രവാക്യമാണ് ന്യൂനപക്ഷ വർഗീയത അപകടമല്ലന്ന മുദ്രാവാക്യം. ആചാര്യന്റെ ദീർഘവീക്ഷണമാണ് 2016ൽ കേരള നിയമ സഭയിൽ താമര വിരിയിച്ചത്. ലീഗിനു വർഗീയത പോരെന്ന് കണ്ടെത്തി പാർട്ടി വിട്ട ഐ.എൻ.എൽ രൂപീകരിച്ച സഖാക്കളെ ആചാര്യന്റെ ശിഷ്യന്മാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാൻ ഉടുപ്പു തയ്പ്പിച്ച് സൂക്ഷിക്കുന്ന ചെന്നിത്തല ഗാന്ധിക്ക് ഒറ്റ മുദ്രാവാക്യമെയുള്ളു ” ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം”.പിണറായിയെ ഭയന്ന് ഒതുങ്ങിക്കഴിഞ്ഞ കാനത്തിന്റെ പുതിയ വെളിപാടുകൾ ദേശീയ ജനാധിപത്യ വിപ്ലവത്തിന് ഒരു മാവോ- പാണക്കാട് ടച്ച് നല്കുമെന്നു തോന്നുന്നു.
സത്യം സത്യമായി കാണുന്ന ആർക്കും അറിയാവുന്ന വസ്തുതയാണ് കേരളത്തിൽ തീവ്രവാദികൾ കൈവരിച്ച വളർച്ച. സിറിയയിൽ ആടു മേയ്ക്കാൻ ഐസ്സിൽ ചേർന്ന നിഷ്ക്കളങ്കരിൽ മഹാഭൂരിപ ക്ഷത്തിനേയും സംഭാവന ചെയ്യ്തത് സാക്ഷര കേരളമാണന്ന സത്യം അറിയാത്തവർ വിഡ്ഡികളൊ മാനസ്സിക വെല്ലുവിളികളുള്ളവരോ മാത്രമാണ്. സമാധാനവും സാഹോദര്യവും മതമൈത്രിയും ആഗ്രഹിക്കുന്ന കേരളത്തിലെ പൊതു സമൂഹം ആവശ്യപ്പെടുന്നത് തീവ്രവാദത്തിനെതിരെ മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനെതിരെ ശബ്ദമുയർത്തുവർ രാജ്യ ദ്രോഹികളാണ്.രാജ്യദ്രോഹി കൾക്കുള്ള ശിക്ഷ പൊതു സമൂഹം തീരുമാനിക്കട്ടെ .