മലപ്പുറത്ത് 8 പ്രവാസികൾക്ക് കോവിഡ്; വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് രോഗം പകര്‍ന്നത് 10 പേര്‍ക്ക്
മലപ്പുറം : ഗൾഫിൽ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി. ഗൾഫിൽ നിന്നെത്തിയ രണ്ട് പ്രവാസികൾക്ക് കൂടി മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും മെയ് ഏഴിനുതന്നെ ദുബായിൽ നിന്ന് കരിപ്പൂരെത്തിയ തവനൂർ മാണൂർ നടക്കാവ് സ്വദേശി 64 കാരനുമാണ് രോഗബാധ. ഇരുവരും ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് ഇതുവരെ രോഗം പകര്‍ന്നത് 10 പേര്‍ക്ക്. വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ഈ ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയേറ്റത്. രോഗബാധയേറ്റ മലപ്പുറം ജില്ലയില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നും ഉള്ളവര്‍ വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.