പ്രവാസികള്‍ക്ക് 7 ദിവസം നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം തളളി കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി : പ്രവാസികള്‍ക്ക് ഏഴ് ദിവസം നിരീക്ഷണം മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തളളി കേന്ദ്രം. പ്രവാസികള്‍ക്ക് 14 ദിവസത്തെ നീരിക്ഷണം നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചു. എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും, 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ എന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും വിദഗ്ധ സമിതി തീരുമാനിച്ചു. ഇത് പ്രകാരമാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ മെയ് അഞ്ചിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തിരികെയെത്തുന്ന പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഏഴുദിവസമാക്കി ചുരുക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ശേഷിക്കുന്ന കാലയളവില്‍ ഹോം ക്വാറന്റീന്‍ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്.