രാജ്യം ഇന്നുമുതൽ നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്
ഡൽഹി : രാജ്യം ഇന്നുമുതൽ നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്. ഇന്ന് മുതൽ മെയ് 31 വരെയാണ് ലോക്ക്ഡൌൺ തുടരുക. നാലാംഘട്ട ലോക്ക്ഡൗണിന്റെ പൊതുവായുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെ കേന്ദ്രം പുറപ്പെടുവിച്ചു.
കഴിഞ്ഞ മൂന്നു ലോക്ക്ഡൗണിലും തുടർന്ന് വന്നതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും. ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങള്‍ക്ക് മാത്രമേ വിമാനസര്‍വീസുകള്‍ നടത്താവൂ.
കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ
- കടകള്‍ക്ക് തുറക്കാം. ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം. ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി.
- പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും.
- കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
- ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കും.
- മെട്രോ റെയിൽ സർവീസുകൾ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
- സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും, പരിശീലന കേന്ദ്രങ്ങളും തുറക്കാൻ പാടില്ല .
- ഹോട്ടലുകളും, റസ്റ്റോറന്റുകൾ മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കരുത്.
- ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.
- സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്.
- സ്വിമിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകൾ, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.
- എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണം തുടരും.
- രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.
- 65 വയസിന് മുകളിലുളളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
- കണ്ടയിന്റ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
- വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.
- എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.
- ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം
സംസ്ഥാനം വിട്ടുള്ള യാത്രകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളില്‍ കഴിയുന്നവരുമായി പ്രതിരോധ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റെഡ്,ഗ്രീൻ,ഓറഞ്ച് സോണുകൾ അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സർക്കാരുകൾക്ക് തീരുമാനിക്കാം.
റെഡ്,ഓറഞ്ച് സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ്, ബഫർ സോണുകൾ തീരുമാനിക്കുന്നത് ജില്ല അധികൃതരായിരിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ അതിതീവ്ര കോൺടാക്ട് ട്രേസിങ്, വീടുകൾ തോറുമുള്ള നിരീക്ഷണം, മറ്റ് മെഡിക്കൽ ഇടപെടലുകൾ എന്നിവയുണ്ടാകും.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു കാരണവശാലും മാർഗനിർദേശങ്ങളിൽ വെള്ളംചേർക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ ദുരന്തനിവാരണ പ്രകാരം കേസെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നുണ്ട്.
നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും. പൊതുഗതാഗതം എങ്ങനെ വേണമെന്നതില്‍ നയപരമായ തീരുമാനമാകും സര്‍ക്കാര്‍ സ്വീകരിക്കുക. ട്രെയിന്‍, ബസ് സര്‍വീസുകള്‍ വ്യാപകമായി നടത്തണോ എന്നതിലും അന്തര്‍-ജില്ലാ-സംസ്ഥാന യാത്രകള്‍ എന്തെല്ലാം നിബന്ധനകള്‍ക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമാകും.