എ സി മൊയ്തീന് ക്വാറന്റൈന് ഇല്ല:ഇന്ന് കോൺഗ്രസ് പ്രതിഷേധം
തൃശ്ശൂര്‍ : മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈന് വേണ്ടതില്ലെന്ന തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ടിഎന്‍ പ്രതാപന് എംപിയും അനില്‍ അക്കര എംഎല്‍എയും ഇന്ന് രാവിലെ പത്ത് മുതല്‍ 24 മണിക്കൂർ നിരാഹാരസമരം നടത്തും.
ഇരുവരും ക്വാറന്റീനില്‍ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരം നടത്തുക. ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പ്രവാസികള്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈന് വേണ്ടെന്ന് തീരുമാനിച്ചത്.
വാളയാറില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് നിരാഹാരം നടത്തുന്നത്.