രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേർക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേർ മരിച്ചു. ഇതുവരെ 15,301 പേരാണ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 1,89,463 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 285637 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തി. 6931 പേരാണ് അവിടെ മരിച്ചത്. 73,780 പേർക്കാണ് ഡൽഹിയിൽ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
29,520 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1753 മരണവും 70,977 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 911 പേർ മരിക്കുകയും ചെയ്തു. കേരളത്തിൽ 3726 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തും. ഇന്നു മുതല്‍ 29 വരെയാണ് സന്ദര്‍ശനം.
ബെംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം യോഗം ഇന്ന് നടക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ബംഗളുരുവില്‍ മാത്രം കഴിഞ്ഞ ദിവസം 113 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.