News
-
നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. 2017-മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന മണികണ്ഠനാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു. മുന്‍പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചെങ്കിലും വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണത്തടവുകാരായി റിമാന്‍ഡിലുള്ളത്. 2017 ഫെബ്രുവരിയില്‍ നെടുമ്ബാശേരിക്കു സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.
Read More » -
കാർട്ടൂൺ പുരസ്ക്കാരം പിൻവലിക്കണം; കൃഷ്ണദാസ് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ പുരസ്ക്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർട്ടൂണിന് നൽകിയ പുരസ്ക്കാരം അടിയന്തരമായി പിൻവലിക്കാൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു ചിത്രം വരച്ചുവെന്നതിനേക്കാൾ രാജ്യത്തെ അവഹേളിക്കുന്ന ചിത്രത്തിന് സർക്കാർ ആദരവർപ്പിക്കുന്നുവെന്നതാണ് പ്രശ്നം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സുഗമമായ സഹകരണത്തിനും ഇത്തരം സംഗതികൾ വിഘാതമാകും. കാർട്ടൂണിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ ചിത്രമാണ് അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ‘കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് രാജ്യത്തെ അവഹേളിക്കാനായി നിദാനമായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം എത്രയേറെ മുന്നോട്ടു പോയി എന്നകാര്യം താങ്കൾക്കും അറിവുള്ളതാണ്. വാക്സീൻ സൗജന്യമായി വിതരണം ചെയ്തുവെന്ന് മാത്രമല്ല വാകാസിനേഷൻ ചെയതവരുടെ എണ്ണം നൂറ് കോടി കവിഞ്ഞു. കോവിഡ്ക്കാല കേന്ദ്രസഹായം കേരളത്തിന് ലഭിച്ചിട്ടുണ്ടല്ലോ..? ലോകാരോഗ്യ സംഘടന ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്തെ പ്രശംസിച്ചിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ലന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read More » -
കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു
കൊച്ചി : കളമശേരിയില്‍ കനത്ത മഴയില്‍ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കരാജാണ് (72) മരിച്ചത്. നെയ്യാറ്റിന്‍കര ഉദിയന്‍ കുളങ്ങര സ്വദേശിയാണ് തങ്കരാജ്. കണ്ടെയ്നര്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. തങ്കരാജ് മൂത്രമൊഴിക്കുന്നതിനായി ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവര്‍മാരും നാട്ടുകാരുമെത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട് : ഷൊര്‍ണൂരില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്ബ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യ ഗുരുതരാവസ്ഥയിലാണ്. ഭര്‍ത്താവ് വന്ന് നോക്കുമ്പോഴാണ് ആത്മഹത്യാ ശ്രമം അറിയുന്നത്. പിന്നാലെ മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.
Read More » -
പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയില്‍
പാലക്കാട് : പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ കരസേന ഉദ്യോഗസ്ഥന്‍ പിടിയില്‍. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി. പട്ടാളത്തില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ പലരില്‍ നിന്നും തട്ടിയെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്.
Read More » -
കണ്ണൂരില്‍ റാഗിങ്, ശുചിമുറിയില്‍ മര്‍ദനം; നാലു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍ : തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി റാഗിങിനിരയായി. കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മുഹമ്മദ് നിദാന്‍, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാന്‍, റിസാന്‍ റഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ അഞ്ചിനാണ് റാഗിങ് അരങ്ങേറിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷഹസാദിനെ ശുചിമുറിയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. പരിക്കേറ്റ ഷഹസാദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. മര്‍ദ്ദനമേറ്റതിന് പിന്നാലെ ഷഹസാദ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ പരാതി പൊലീസിന് കൈമാറി. പിന്നാലെയാണ് 12 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കോളജ് അധികൃതരും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേസെടുത്തവരുടെ പട്ടികയിലുള്ള ഒരു വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Read More » -
ഭക്ഷ്യവിഷബാധ: രണ്ടര വയസുകാരൻ മരിച്ചു
കോഴിക്കോട് : ചിക്കൻ റോളിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. കോഴിക്കോട് വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോൾ കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്. ഇവരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ല. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങിൽ നിന്നാണ് കുട്ടി ചിക്കൻ റോൾ കഴിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ചാണ് മരണം സംഭവിച്ചത്.
Read More » -
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവ് കോടതിയില്‍ കീഴടങ്ങി
മലപ്പുറം : മങ്കടയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവ് കോടതിയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് കീഴടങ്ങിയത്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
Read More » -
പുരാവസ്തു തട്ടിപ്പ്: ഇഡി കേസെടുത്തു
കൊച്ചി : മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മോന്‍സണ്‍ മാവുങ്കല്‍, മുന്‍ ഡ്രൈവര്‍ അജി എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി പൊലീസിന് കത്ത് നല്‍കി. കേസില്‍ പരാതിക്കാരെയും ഇടപാടുകാരെയും ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. പ്രാഥമിക അന്വേഷണത്തിൽ പുരാവസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടന്ന് വ്യക്തമായതിനെ തുടർന്നാണ് കേസെടുത്ത് ഇ ഡി അന്വേഷണം തുടങ്ങിയത്.
Read More » -
കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം പൂര്‍ത്തിയായി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം പൂര്‍ത്തിയായി. രാവിലെ 11 മണിമുതല്‍ ആരംഭിച്ച സമരം കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരുന്നു സമരം. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read More »