യുക്രൈൻ വിമാനം ഇറാൻ അബദ്ധത്തിൽ മിസൈൽ ഉപയോഗിച്ച് തകർത്തത്:യു എസ് മാധ്യമങ്ങൾ
വാഷിംഗ്ടൺ : ഇറാനിലെ ടെഹ്റാനിൽ തകർന്നുവീണ യുക്രൈൻ വിമാനം ഇറാൻ മിസൈൽ ഉപയോഗിച്ച് തകർത്തതാണെന്ന് യു എസ്. ഇറാൻ തെറ്റിദ്ധരിച്ച് യുക്രൈൻ വിമാനത്തിന് നേരെ മിസൈൽ വർഷിച്ചു വീഴ്ത്തിയതാണെന്ന് യു.എസ്. രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് യു എസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. രണ്ട് റഷ്യൻ നിര്‍മ്മിത മിസൈലുകൾ തൊടുക്കുന്നതിന്‍റെ ശബ്ദവും വെളിച്ചവും ലഭിച്ചുവെന്നാണ് ഇതിന്റെ തെളിവായി പറയുന്നത്. എന്നാൽ പെന്‍റഗൺ ഇതിനോട് പ്രതികരിച്ചിട്ടില്ല. ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം പറന്നുയർന്ന ഉടൻ തകർന്ന് വീഴുകയായിരുന്നു. വിമാനം തീപിടിച്ചാണ് വീണതെന്ന് ദൃസാക്ഷികൾ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തിരിച്ചു വിമാനത്താവളത്തിലേക്ക് പറക്കുമ്പോഴാണ് വിമാനം തകർന്നതെന്നാണ് ഇറാൻ പറയുന്നത്. പറന്നുയർന്നയുടൻ വിമാനത്തിന് സാങ്കേതികത്തകരാർ ഉണ്ടാവുകയും തുടർന്ന് തീപിടിച്ച് വീഴുകയായിരുന്നു. അപകടത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷണത്തിനായി യു.എസിന് നൽകില്ലെന്ന് ഇറാൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകം ഉണ്ടായ അപകടമായതിനാൽ, വിമാനം തകർന്നതിന്റെ വ്യക്തമായ കാരണം കണ്ടുപിടിക്കുന്നതുവരെ ആശങ്ക തുടരും.