അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്നത് തിരിച്ചറിയാൻ അലന്റെയും താഹയുടെയും കാര്യം പരിശോധിച്ചാൽ മതി:ചെന്നിത്തല
കോഴിക്കോട്: യുഎപിഎ കേസ് പ്രതികളായ അലന്റെയും താഹയുടെയും വീടുകളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി . അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധനകൾ പാലിച്ചല്ല നടപടികളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘സാധാരണ ഗതിയിൽ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.ഇവർ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ് അലനും താഹയും മാവോയിസ്റ്റുകളാണെങ്കിൽ മുഖ്യമന്ത്രി തെളിവുകൾ നൽകണം’. ചെന്നിത്തല പറഞ്ഞു.
ഈ ചെറുപ്പക്കാർ ഇരുമ്പഴിക്കുള്ളിലായിട്ട് മൂന്ന് മാസമാകുന്നു.എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകൾ പുറത്തുവിടാത്തത്, അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്നത് തിരിച്ചറിയാൻ അലന്റെയും താഹയുടെയും കാര്യം പരിശോധിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. വീടുകളിൽ പരിശോധന നടത്തിയിട്ട് യാതൊരു തെളിവുകളും കിട്ടിയില്ല എന്ന് അലന്റെ പിതാവ് പറഞ്ഞതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.