Top Stories
കൊറോണ വൈറസിനെ നേരിടാൻ സർവ്വ സജ്ജീകരണങ്ങളും ഒരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാനായി തൃശ്ശൂര്‍ ഗവ മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. ആശുപത്രിയിലെ 20 പേ വാർഡ് മുറികൾ അണുവിമുക്തമാക്കി പ്രത്യേകം സജ്ജീകരിച്ചാണ് കൊറോണ വൈറസ് ബാധയുള്ള രോഗികൾക്കായി ഒരുക്കിയത് . കേരളത്തിൽ നിന്നയച്ച 20 രക്ത സാംപിളുകളിൽ ഒരെണ്ണം പ്രാഥമിക പരിശോധനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചയുടൻ തന്നെ പേ വാർഡിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെ ഒഴിപ്പിച്ച് മുറികൾ സജ്ജീകരിക്കുകയായിരുന്നു. ചികിത്സയിലേർപ്പെടുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട എല്ലാ സൗകര്യങ്ങളും മരുന്നുകളും പ്രത്യേക വാർഡിൽ ഒരുക്കിയിട്ടുണ്ട്.
കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി ഒരുങ്ങിയതായി ആശുപത്രി ആർഎംഒ ഡോ സി പി മുരളി പറഞ്ഞു. വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാനായി പ്രത്യേക മെഡിക്കൽ സംഘവും തൃശൂർ മെഡിക്കൽ കോളേജിൽ സജ്ജമായിട്ടുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1038 പേരും വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂണെ വൈറോളജി ഇന്‍സ്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാൾക്കു മാത്രം പ്രാഥമിക പരിശോധനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയു ള്ളവരുടെ ഫലം വരാനുണ്ട്.
കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കേണ്ടതാണ്. ജനങ്ങൾ പരിഭ്രാന്തരാകണ്ട എന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ താഴെപ്പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിശ ഹെൽപ്പ് ലൈൻ :1056, 0471 2552056.