Top Stories
ഗവർണറെ സഭയിൽ പ്രതിപക്ഷം തടഞ്ഞത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്:സ്പീക്കർ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നടപടിയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവർണർ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താൻ മുൻകാലങ്ങളിലെ ഗവർണർമാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവർണറും തയ്യാറായില്ല. ബലംപ്രയോഗം കൂടാതെ ഗവർണർ ഉൾപ്പടെയുളളവർക്ക് വഴിയൊരുക്കാനുള്ള നിർദേശമാണ് വാച്ച് ആൻഡ് വാർഡിന് നൽകിയിരുന്നത്.
പ്രതിപക്ഷം സമർപ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനിൽക്കുന്നതാണെന്നും അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തിൽ കാര്യോപദേശ സമിതിയുമായി കൂടിച്ചേർന്ന് തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ നിശ്ചയിച്ച പരിപാടികൾക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഗവർണറെ തടഞ്ഞ നടപടിയിൽ പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ലന്നും സ്പീക്കർ പറഞ്ഞു.