Top Stories
കാർഷിക മേഖലയുടെ ഉണർവിനും അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാവസായിക ഉല്പാദന മേഖലകളുടെ ഉണർവിനും ഊന്നൽ നൽകിയ ബജറ്റ്
ന്യൂഡൽഹി: 2 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ്, കാർഷിക മേഖലയുടെ ഉണർവിനും അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാവസായിക ഉല്പാദന മേഖലകളുടെ ഉണർവിനും വഴിയൊരുക്കുന്നതാണ്. ആദായ നികുതി നിരക്കുകളിൽ വരുത്തിയ കുറവ് രാജ്യത്തെ മാസശമ്പളക്കാർക്ക് ഉൾപ്പെടെ സഹായകമാകുന്നതാണ്.
പുതിയ നികുതി ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു.
കർഷകർക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാൻ റെയിൽ, കിസാൻ ക്രെഡിറ്റ് കാർഡ്, കൃഷി ഉഡാൻ തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സർവകലാശാലയും ഓൺലൈൻ ഡിഗ്രി കോഴ്സുകളും തുടങ്ങാനും നിർദ്ദേശമുണ്ട്.
വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടിയും പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടിയും ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടിയും ബജറ്റിൽ വകയിരുത്തി.
ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കും.
2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊർജമേഖലയ്ക്ക് 22000 കോടിയും ബജറ്റിൽ വകയിരുത്തി.