Top Stories
പിണറായി വിജയൻ അറിഞ്ഞിട്ടാണോ ഡിജിപിയുടെ തട്ടിപ്പെന്ന് വ്യക്തമാക്കണം:വി മുരളീധരൻ
കോട്ടയം: പിണറായി വിജയൻ അറിഞ്ഞിട്ടാണോ ഡിജിപിയുടെ തട്ടിപ്പെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡിപിക്ക് പണം വകമാറ്റാൻ കഴിയില്ല, ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സിഎജി നടത്തിയിട്ടുള്ളതെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു.
മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം കൂടി നൽകിയ പണമാണ് ഡി ജി പി വകമാറ്റി ചെലവാക്കിയത്. 12,000 വെടിയുണ്ടകൾ കാണാതെ പോയിട്ടും തൃപ്തികരമായ വിശദീകരണം പോലും നൽകാൻ പൊലീസിലെ ഉത്തരവാദിത്തപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറാകുന്നില്ല. ഒരു മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതിയായ സംഭവത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്ര സംശയാസ്പദമാണെന്ന് കേന്ദ്രമന്ത്രി. വിവാദ കമ്പനിക്ക് യുകെയുമായി ബന്ധമുള്ള സാഹചര്യത്തിൽ ഡിജിപിയുടെ യുകെ യാത്ര പരിശോധിക്കണമെന്നും യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി ഉണ്ടോയെന്ന് ഡി ജി പി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.