Top Stories
സാലറി കട്ടിൽ മുന്നോട്ട് സർക്കാർ: സ്റ്റേ മറികടക്കാൻ ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം : സാലറി കട്ടിൽ പിന്നോട്ട് പോകാതെ സർക്കാർ. ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഇതിനെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് അവതരിപ്പിക്കും.
കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും പിടിയ്ക്കുന്നത് എന്തിനാണെന്നും ഉത്തരവിൽ പറയാതിരുന്നതും കോടതിയിലിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പരാമർശിച്ചിരുന്നു.
കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണ്ട എന്ന സർക്കാർ തീരുമാനിച്ചിരുന്നു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലാകും ഓർഡിനൻസ് കൊണ്ടുവരിക. ഓർഡിനൻസ് നിലവിൽ വരുന്നതോടെ നിയമപരമായി സർക്കാരിന് ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനാകും. ഓർഡിനൻസ് സർക്കാർ ഗവർണ്ണർക്ക് അയച്ചാൽ ഗവർണ്ണർ എടുക്കുന്ന നിലപാടായിരിയ്ക്കും നിർണ്ണായകം.