കാസർകോട്ടെ കോവിഡ് ബാധിതനായ നേതാവിന്റെ സമ്പർക്കത്തിലെ 10 പേർക്ക് രോഗമില്ല
കാസര്‍കോട് : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനോടും കുടുംബാംഗങ്ങളോടും അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ പത്ത് പേരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലയിലെ മൂന്ന് ഡോക്ടര്‍മാരുടെയും പൊതുപ്രവര്ത്തകന് കൊണ്ടുപോയ രോഗിയുടെയും ഫലവും നെഗറ്റീവാണ്.
നേതാവിന്റെയും കുടുംബത്തിന്റെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്ന 25 പേരുടെ സാമ്പിളുകളില്‍ പത്ത് പേരുടെ ഫലമാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് ബന്ധപ്പെടാത്ത കുട്ടികള്‍ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്.
മഹാരാഷ്ട്രയില്‍ നിന്ന് യാത്രാനുമതിയില്ലാതെ തലപ്പാടിയിലെത്തിയ ബന്ധുവിനെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച മഞ്ചേശ്വരത്തെ സിപിഎം നേതാവിന്റെ പ്രവര്‍ത്തിയാണ് ജില്ലയിൽ ആകെ ഭീതി പടർത്തിയത്. മഹാരാഷ്ട്രയിലെ രോഗബാധിത മേഖലയില്‍ നിന്ന് പുറപ്പെടും മുമ്പ് തന്നെ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെങ്കില്‍ ബന്ധുവില്‍ നിന്ന് രോഗം പകരുന്ന സാഹചര്യം തന്നെ ഒഴിവാക്കാമായിരുന്നു.