വൈറ്റ് ഹൌസിലേക്ക് പ്രക്ഷോഭം: ട്രംപിനെ ഭൂഗർഭ അറയിൽ ഒളിപ്പിച്ചു
വാഷിംഗ്ടണ്‍ : ജോര്‍ജ്ജ് ഫ്‌ലോയ്ഡിനെ പോലീസുകാരൻ കഴുത്ത് ഞെരിച്ചു കൊന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി ന്യൂയോർക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് പ്രക്ഷോഭകാരികൾ വൈറ്റ്ഹൗസിന് സമീപത്തെത്തിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പപ്പിച്ചിരുന്നു.
ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആറ് ദിവസമായി തുടരുന്ന പ്രതിഷേധം ഞായറാഴ്ചയോടെ തലസ്ഥാനത്ത് കൂടുതല്‍ ശക്തമാകുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധകര്‍ രംഗത്തെത്തിയതോടെയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രതിഷേധം കനത്തതോടെ ഞായറാഴ്ച യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെക്കൊണ്ടും ആയുധം കൊണ്ടും നേരിടുമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.
തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസിലെ റസ്റ്റോറന്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.