ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: യു.എസിൽ ആറാം ദിവസവും കനത്ത പ്രതിഷേധം
വാഷിങ്ടൺ : ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് പോലീസ് പീഡനത്തിൽ മരിച്ചതിനെത്തുടർന്ന് യു.എസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസവും തുടരുകയാണ്. അക്രമങ്ങൾ വ്യാപകമായതിനെതുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. വൈറ്റ്ഹൗസിനടുത്തുള്ള സെയ്ന്റ് ജോൺസ് എപിസ്കോപൽ ചർച്ചിന് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനകെട്ടിടങ്ങൾ കൈയേറി. വൈറ്റ്ഹൗസിന്റെ ഗേറ്റിനുപുറത്ത് വാഹനങ്ങളും അഗ്നിക്കിരയാക്കി.
ന്യൂയോർക്ക്, ഷിക്കാഗോ, ഫിലാഡൽഫിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളിൽ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഒട്ടേറെ പോലീസ് വാഹനങ്ങൾ അഗ്നിക്കിരയായി. കടകൾ കൊള്ളയടിക്കപ്പെട്ടു. കൊള്ളയും തീവെപ്പും റോഡ് ഉപരോധവും തുടരുകയാണ്. ന്യൂയോർക്കിലെ ബഫലോയിൽ പോലീസിന്റെ ഇടയിലേക്ക് പ്രതിഷേധക്കാർ കാറ് ഓടിച്ചുകയറ്റി. രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്കേറ്റു.
പ്രക്ഷോഭത്തെ നേരിടാൻ ആയുധധാരികളായ കൂടുതൽ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകർത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തിയത്.
BREAKING: Car runs into police officers during protest in Buffalo, New York; at least 2 injured pic.twitter.com/HDXJeh8W85
— BNO News (@BNONews) June 2, 2020