നിയമസഭാ സമ്മേളനം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനബിൽ പ്രത്യേക ഓർഡിനൻസാക്കി കൊണ്ടുവരാനും മന്ത്രസഭാ യോഗത്തിൽ തീരുമാനമുണ്ടായി. നിയമസഭ ചേരാനിരുന്ന തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരും ഈ യോഗത്തിൽ ധനബിൽ പ്രത്യേക ഓർഡിനൻസായി പാസാക്കാനും തീരുമാനിച്ചു. ഇക്കാര്യങ്ങൾ ഗവർണറെ അറിയിക്കും.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിലും തിങ്കളാഴ്ച തീരുമാനമെടുക്കും. ഇപ്പോൾ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. നിലവിലെ സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ കേരളത്തിലുണ്ടെന്ന് മന്ത്രിമാർ അവകാശപ്പെട്ടു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ അടക്കമുള്ള വിഷയങ്ങളും ഈ യോഗത്തിൽ ചർച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.