Top Stories

മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടാത്തത് അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം മൂലം: ചെന്നിത്തല

ആലപ്പുഴ സംസ്ഥാനത്തെ ഒരു മന്ത്രിയെ എൻഐഎ ചോദ്യം  ചെയ്യുന്നത് കേരളത്തിന് തന്നെ നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു . അഴിമതിയിൽ പൂർണമായി മുങ്ങിയ ഈ സർക്കാരിനെ ആർക്കും രക്ഷിക്കാൻ കഴിയില്ല അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം മൂലമാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാന സർക്കാർ ഇപ്പോൾ നേരിടുന്നത് അസാധാരണ സാഹചര്യം. മന്ത്രി ജലീൽ കുറ്റബോധം കൊണ്ടാണ് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘സംസ്ഥാനത്തെ ഒരു മന്ത്രിയായ കെ.ടി.ജലീൽ തലയിൽ മുണ്ടിട്ടാണ് എൻ.ഐ.എ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി പോയത്. ഷെഡ്യൂൾഡ് ക്രൈംസ് ചെയ്ത ആളുകളെയാണ് എൻ.ഐ.എ. ചോദ്യം ചെയ്യാറുളളത്. രാജ്യദ്രോഹ പ്രവർത്തനം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം, തീവ്രവാദ പ്രവർത്തനം തുടങ്ങിയവയാണ് എൻ.ഐ.എ. അന്വേഷിക്കുന്ന പ്രധാന കാര്യങ്ങൾ. അതുകൊണ്ട് സംസ്ഥാനത്തെ ഒരു മന്ത്രി എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായി എന്ന് പറയുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന് അധികാരത്തിൽ തുടരാനുളള അവകാശം നഷ്ടപ്പെട്ടു. ഓരോ ദിവസം കഴിയുമ്പോഴും ഒരോ അഴിമതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്പ്രിംക്ലർ അഴിമതി മുതൽ ബെവ്കോ അഴിമതി മുതൽ പമ്പയിലെ മണൽക്കടത്തുമായി ബന്ധപ്പെട്ട അഴിമതി, ഇമൊബിലിറ്റി അഴിമതി, പാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളിലെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാനുളള നടപടികൾ ഉൾപ്പടെ നിരവധി കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പ്രതിക്ഷത്തിന്റെ ആരോപണങ്ങളെ നിസാരവൽക്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ അഴിമതിയും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി അഴിമതിക്കാരെ ന്യായീകരിക്കുന്നു, അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button