കന്നട നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു
ബംഗളൂരു : കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്.
ഇതിഹാസ താരം രാജ്‌കുമാറിന്റെയും പർവതാമ്മാ രാജ്കുമാറിന്റെയും മകനാണ് പുനീത് രാജ്‌കുമാര്‍. 1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്.
കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പുനീത് പാടിയിട്ടുണ്ട്. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തിളങ്ങി.
സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്. അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാർ, ധൃതി രാജ്കുമാർ എന്നിവർ മക്കളാണ്.