കൊച്ചി വാഹനാപകടം: സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
കൊച്ചി : മോഡലുകളുടെ മരണത്തിനിടയായ കൊച്ചി വാഹനാപകട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ലഭിച്ചതായാണ് വിവരം.
ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും, ലഹരി എത്തിച്ചു നല്‍കുന്നയാളുമാണ് സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങള്‍.
പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി. ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.
സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഒരു ഡസനോളം ഗര്‍ഭനിരോധന ഉറകള്‍, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകള്‍, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികള്‍, ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോണ്‍- മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ കാറില്‍ നിന്ന് കണ്ടെത്തി.