News
കഠിനംകുളം കൂട്ടബലാത്സംഗ കേസ്: മുഖ്യ പ്രതിയായ ഓട്ടോഡ്രൈവർ പിടിയിൽ
തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ
മുഖ്യപ്രതികളിലൊരാളായ നൗഫല്‍ പിടിയില്‍. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവൽ പുത്തൻവീട്ടിൽ നൗഫൽ ഷാ (27) യാണ് പിടിയിലായത്.പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു.
കുട്ടിയുടെ മുന്നിൽവെച്ചാണ് പീഡനം നടന്നതെന്നതിനാൽ പ്രതികളുടെ പേരിൽ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തു. അമ്മയെ ഉപദ്രവിക്കുന്നതു കണ്ടതായി നാലുവയസ്സുള്ള മകൻ പോലീസിന് മൊഴിനൽകി. പ്രതികളുടെപേരിൽ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും യുവതിയെയും കൂട്ടി പുതുക്കുറിച്ചിയില്‍ ബീച്ച് കാണാന്‍ കൊണ്ട് പോയത്. അതിന് ശേഷം സമീപത്തുള്ള ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ശേഷം യുവതിയെ ഭര്‍ത്താവ് മദ്യം കുടിപ്പിയ്ക്കുകയും മദ്യലഹരിയിലായി യുവതിയും മക്കളും ഉറങ്ങുന്നതിനിടെ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളിലൊരാള്‍ എത്തി ഭര്‍ത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് യുവതിയെ വീടിന് പുറത്തേക്ക് കൊണ്ട് പോയി. ശേഷം ഓട്ടോയിലെത്തിയ ഭര്‍ത്താവിന്‍റെ നാല് സുഹൃത്തുക്കൾ ചേർന്ന് യുവതിയെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു.