പ്രാധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം : ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്യ്തു. പേപ്പൽ ഹൗസിലെ ലൈബ്രറിയിലാണ് ചർച്ചനടന്നത്. ചർച്ച ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്.
കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള ആഗോള വിഷയങ്ങൾ മാർപാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തതായാണ് വിവരം. ചർച്ച സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പിന്നീട് വ്യക്തമാക്കും.
1999ൽ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുങ്ങുന്നത്. പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. ‘ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം.