Top Stories
ദിലീപിന് മുൻകൂർ ജാമ്യം
കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് ഉത്തരവ്. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തനിക്കെതിരെ ഉയരുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന ദിലീപ് നല്കിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രോസിക്യൂഷന് ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികള്‍ കോടതിയില്‍ മറുപടി വാദം എഴുതി നല്‍കിയിരുന്നത്. എന്‍.ആര്.ഐ ബിസിനസുകാരന്റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്.ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ഓഡിയോയിലുള്ള ശബ്ദം വ്യാജമാണന്നാണ് ദിലീപ് പറയുന്നത്. പൊലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേള്‍ക്കുന്നത്. ഇതിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഓഡിയോ വിദഗ്ധരായവര്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നുമായിരുന്നു ദിലീപിന്റെ വിശദീകരണം.
വിധി വരുന്നതിന് മുന്‍പേ തന്നെ ദിലീപിന്റെ ആലുവയിലെ വീടിന് മുന്നിലും സഹോദരന് അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം നിലയുറപ്പിച്ചിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടനെ തന്നെ ദിലീപിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.
വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്റെ 19 ലക്ഷം രൂപ കടം വീട്ടാന്‍ ദിലീപ് ഇടപെടണമെന്ന ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരന് അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപില്‍ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്.