കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍
തൃശ്ശൂർ : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ വിജിലൻസ് സംഘത്തിന്റെ പിടിയില്‍. എംവിഐ സിഎസ് ജോര്‍ജാണ് പിടിയിലായത്. അയ്യായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്.
തൃപ്രയാറില്‍ പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഏജന്റായിരുന്നു ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരിയങ്കാവില്‍ എംവിഐ സിഎസ് ജോര്‍ജ്ജിന്റെ വീട്ടിലും വിജിലൻസിന്റെ പരിശോധന നടക്കുന്നുണ്ട്.
വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസൻസ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇന്ന് തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടിരുന്നത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജ്ജിന് വേണ്ടിയാണെന്ന് മൊഴി നല്കി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.