News

എഎസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തുരങ്കത്തിൽ ഒളിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടി

കൊട്ടിയം : മാരകായുധങ്ങളുമായി വീട്ടിൽ ആക്രമം നടത്താനെത്തിയ ആളിനെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമി വെട്ടിപരിക്കേൽപ്പിച്ചു. അക്രമത്തിന് ശേഷം കനാലിലെ തുരങ്കത്തിലൊളിച്ച അക്രമിയെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടി.

കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ഇരവിപുരം വാളത്തുംഗൽ അമ്പു വടക്കതിൽ ബിജു (47) വിനാണ് വടിവാൾകൊണ്ട് വെട്ടേറ്റത്. അടിവയറിനോട് ചേർന്ന് തുടയിൽ പരിക്കേറ്റ ബിജുവിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി ആക്രമം നടത്തിയ മയ്യനാട് ഉമയനല്ലൂരിന് സമീപം പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ റഫീക്കിനെ (37) യാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടാനായത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊട്ടിയം പുല്ലാങ്കുഴി രേവതിയിൽ സുനിൽകുമാറിന്റെ വീട്ടിൽ ആയുധങ്ങളുമായി ആക്രമത്തിനെത്തിയതായിരുന്നു  റഫീഖ്. വീട്ടുകാർ വിവരം കൊട്ടിയം പോലീസിലറിയിച്ചു.  പോലീസിനെ കണ്ട ഇയാൾ വാൾകൊണ്ട് പോലീസ് ജീപ്പിൽ വെട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തു നിന്നും രക്ഷപെട്ട ഇയാളെ പിന്നീട് കുടിയിരുത്തു വയലിന് സമീപത്തുള്ള ഇയാളുടെ വീടിനടുത്ത് നിന്നാണ് പിടികൂടുന്നത്. പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വാൾ വീശി ഭീഷണി മുഴക്കി ഏറെ നേരം ചെറുത്തു നിന്നു.ഇതിനിടെയാണ് എ. എസ്.ഐ.ബിജുവിന് വെട്ടേൽക്കുന്നത്. വീശുന്നതിനിടെ കൈയിൽ നിന്നും വാൾ തെറിച്ചു പോയതോടെ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് വലിയ പോലീസ് സംഘം സ്ഥലത്തെത്തി.

പോലീസ് പിൻതുടരുന്നത് കണ്ട ഇയാൾ ജലസേചനത്തിനുള്ള കല്ലട പദ്ധതിയുടെ മേൽമൂടിയുള്ള കനാലിലേയ്ക്ക് ചാടിയൊളിച്ചു. പോലീസും കനാലിൽ കടന്നതോടെ ഇയാൾ ദേശീയപാത 66 മുറിച്ചു കടന്നു പോകുന്ന തുരങ്കത്തിലേയ്ക്ക് കയറി. കുറ്റാക്കറ്റിരുട്ടും ,ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതോടെയാണ് പോലീസ് പിന്മാറിയത്.തുടർന്നാണ് കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുന്നത് ,ബി.എ.സെറ്റും, സ്പെഷ്യൽ റെസ്ക്യൂ റ്റൂൽസും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി തുരങ്കത്തിലേയ്ക്ക് കയറി കടപ്പാക്കട സ്റ്റേഷൻ ഓഫീസർ ബൈജുവിൻ്റെ  നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരത്തെ മൽപ്പിടിത്തത്തിലൂടെയാണ് അക്രമിയെ കീഴടക്കി പോലീസിന് കൈമാറിയത്. പോലീസ് ഇയാളെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം കൊട്ടിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഞ്ചാവ് കേസിൽ നിരവധി തവണ എക്സൈസ് സംഘത്തിൻ്റെ പിടിയിലായ ആളാണ് റഫീക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button