Top Stories
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്(ശനിയാഴ്ച) ഏഴു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നുപേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഏഴുപേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 457 പേർക്കാണ്. 116 പേർ നിലവിൽ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ആകെ 21,044 പേർ നിരീക്ഷണത്തിലുണ്ട്. 20,580 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 464 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22,360 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 21,475 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കണ്ണൂരിൽ 55 പേരും കാർകോട്ട് 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.